This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലാര, വിശുദ്ധ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ലാര, വിശുദ്ധ

Claire, Saint (1194 - 1253)

കത്തോലിക്കാസഭയിലെ 'ക്ലാരസഭ' (Poor Claires) എന്ന സന്ന്യാസിനീ സമൂഹത്തിന്റെ സ്ഥാപക. അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ അനുയായികളായിത്തീര്‍ന്നവരില്‍ ഏറ്റവും ശ്രേഷ്ഠയാണ് ക്ലാര.

ഇറ്റലിയിലെ അസീസി നഗരത്തില്‍ 1194-ല്‍ ജനിച്ചു. 18-ാം വയസ്സില്‍ വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ഒരു പ്രഭാഷണം കേള്‍ക്കുവാനിടയായി. ഈ പ്രഭാഷണത്തിന്റെ സ്വാധീനഫലമായി കടുത്ത ഭക്തി തീക്ഷ്ണതയും സന്ന്യാസിനിയായിത്തീരാനുള്ള ആഗ്രഹവും ക്ലാരയിലുദിച്ചു. ഈ ആഗ്രഹത്തോടെ ക്ലാര ഒരു ബനഡിക്റ്റന്‍ കോണ്‍വെന്റില്‍ ചേര്‍ന്നു. പില്ക്കാലത്ത് 'ക്ലാരസഭ' എന്ന പേരില്‍ ഒരു പുതിയ സന്ന്യാസിനീ സമൂഹത്തിന് ഇവര്‍ തുടക്കമിട്ടു. സാധുക്കളായ പെണ്‍കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുന്ന കാര്യത്തിലായിരുന്നു ക്ലാരസഭയിലെ സന്ന്യാസിനികള്‍ക്ക് താത്പര്യം. അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ സന്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനും ക്ലാരസഭാംഗങ്ങള്‍ നിരന്തരം ശ്രമിച്ചിരുന്നു. ആദ്യകാലങ്ങളില്‍ വ്യക്തമായ ലിഖിതനിയമങ്ങള്‍ കൂടാതെ അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ നിര്‍ദേശങ്ങളനുസരിച്ചാണ് ക്ലാരസഭ പ്രവര്‍ത്തിച്ചിരുന്നത്. 1219-ല്‍ 'കര്‍ദിനാള്‍ ഉഗോളിനി' (Cardinal Ugolini), സഭയ്ക്കുവേണ്ടി വ്യക്തമായ നിയമാവലി എഴുതിയുണ്ടാക്കി. പക്ഷേ, ഈ നിയമങ്ങളെ അംഗീകരിക്കുവാന്‍ ക്ലാര വിസമ്മതിച്ചു. പകരം ദാരിദ്യവ്രതത്തിനു മുന്‍തൂക്കം നല്കിക്കൊണ്ടുള്ള പുതിയ നിയമങ്ങള്‍ക്ക് ക്ലാര രൂപംനല്കി. ഈ നിയമങ്ങളെ പില്ക്കാലത്ത് മാര്‍പ്പാപ്പ 'ഇന്നസെന്റ് IV' അംഗീകരിക്കുകയും ചെയ്തു. 1224-ല്‍ സാരസന്മാര്‍ (Saracens) എന്ന നാടോടിവര്‍ഗക്കാര്‍ ഇറ്റലിയെ ആക്രമിച്ചു നാശം വരുത്തിയെങ്കിലും ക്ലാരയുടെ കന്യാസ്ത്രീമഠവും അസീസിനഗരവും രക്ഷപ്പെടുകയുണ്ടായി. 1253 ആഗ. 11-ന് ക്ലാര അന്തരിച്ചു. രണ്ടുവര്‍ഷം കഴിഞ്ഞ് 1255 ആഗ. 15-ന് ക്ലാരയെ വിശുദ്ധയായി പ്രഖ്യാപിച്ചു. ക്ലാരയുടെ ഭൗതികശരീരം ആദ്യം അടക്കംചെയ്തത് അസീസിയിലെ 'വിശുദ്ധ ജോര്‍ജിയോ'(St. Giorgio)യുടെ ദേവാലയത്തിലായിരുന്നു. 1260 ഒ. 3-ന് അവയെ വിശുദ്ധ ക്ലാരയുടെ നാമത്തില്‍ സ്ഥാപിക്കപ്പെട്ട ദേവാലയത്തിലേക്കു മാറ്റി. പ്രസ്തുത ഭൗതികാവശിഷ്ടം കേടുപാടുകളൊന്നും കൂടാതെ ഇന്നും സൂക്ഷിക്കപ്പെട്ടിരിക്കുന്നു. സെപ്. 23-ന് ക്ലാരയുടെ തിരുനാളായി ക്ലാരസഭക്കാര്‍ ആചരിച്ചുവരുന്നു.

(പ്രൊഫ. നേശന്‍ റ്റി. മാത്യു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍